Thursday, July 19, 2012

എഴുത്തിന്റെ നാള്‍വഴികള്‍


ഭാഷകള്‍ എങ്ങിനെയുണ്ടായി.  അവ എന്നാണു ഉണ്ടായത്?   
ശയവിനിമയത്തിന്ന്  ശബ്ദങ്ങളുപയോഗിക്കുന്നത് എന്ന് മുതല്‍ക്കാണ് സങ്കേതബദ്ധമായി മാറിയത്?  ആ ശബ്ദസങ്കേതങ്ങള്‍ തന്നെ ആലേഖനം ചെയ്യാന്‍ എന്നുമുതലാണ് തുടങ്ങിയത്‌?  ലിപികളുടെ ചരിത്രം എന്താണ്?  ആ ചരിത്രം എങ്ങിനെയാണ് മനുഷ്യചരിത്രത്തിന്റെ ഭാഗമാകുന്നത്?  ആലോചിക്കാന്‍ ഏറെരസമുള്ള കാര്യങ്ങലാണ് ഇതൊക്കെ. 

കൃസ്തുവിനു 4000 വര്ഷം മുമ്പ്‌ സുമേരിയക്കാരാണത്രേ ആദ്യമായി ഭാഷ ആലേഖനം ചെയ്യാനുള്ള വിദ്യക്ക് തുടക്കമിടുന്നത്. കൃഷി വികസിച്ചതോടെ ഒരിടത്ത്‌ സ്ഥിരവാസം അനിവാര്യമാകുകയും അത്  സുസംഘടിതമായ സംസ്കൃതികളെ  രൂപപ്പെടുത്തുകയും ചെയ്തു.  അപ്പോള്‍ പുതിയ അറിവുകളും വിവരങ്ങളും ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങാതെ  വരികയും അവ വരുംകാലങ്ങളിലേക്ക് തെറ്റുകള്‍  പറ്റാതെ സൂക്ഷിച്ചു വക്കുകയും ചെയ്യേണ്ട ആവശ്യം വന്നു.  അതേത്തുടര്ന്നാണ് വിവരങ്ങള്‍ ആലേഖനം ചെയ്തു വക്കാനുള്ള വിദ്യ രൂപപ്പെടുന്നത്.   ഏതായാലും സുമേരിയയില്‍ അതുണ്ടായ കാലത്തോടെത്തന്നെ ഇന്നത്തെ തുര്‍ക്കിപ്രദേശത്തുണ്ടായിരുന്ന ഹിത്തിയര്‍ക്കിടയിലും, ഈജിപ്തിലും, ചൈനയിലും സിന്ധുതടങ്ങളിലുമൊക്കെ അതു വെവ്വേറെ സ്വതന്ത്രമായിത്തന്നെ ആവിര്‍ഭവിച്ചു എന്നാണു കണ്ടെത്തിയിട്ടുള്ളത്.  മനുഷ്യന്‍ ഭാഷണങ്ങളിലൂടെ ആശയവിനിമയം ചെയ്യാന്‍ തുടങ്ങി ചുരുങ്ങിയത്‌  ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കെങ്കിലും ശേഷമാണ് അതിന്റെ ആലേഖനവും അതിനുവേണ്ട ലിപിരൂപങ്ങളും രംഗത്തുവരുന്നത്.   പ്രാചീന ഗുഹകളിലെ പാറച്ചുമരുകളിലെ കൊത്തുചിത്രങ്ങള്‍ ഇക്കാര്യത്തില്‍  ആദ്യത്തെ ചുവടുവയ്പ്പായിരുന്നു.  പതുക്കെപ്പതുക്കെ ആവര്ത്തിച്ചുപയോഗിക്കാവുന്ന സങ്കേതബദ്ധമായ രീതിയിലേക്ക് അത് മാറുന്നു.  ആദ്യകാലത്ത് സുമേറിയക്കാര്‍ മുദ്രകളുടെ അച്ചുകള്‍ ഉണ്ടാക്കി കളിമണ്‍ ഫലകങ്ങളില്‍ അമര്‍ത്തി അവ ഉണക്കിസൂക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്.  ക്രി. മു. 4000 ത്തോടെ കളിമണ്ണുകൊണ്ടു ഫലകങ്ങള്‍ ഉണ്ടാക്കി അവ ഉണങ്ങുന്നതിനുമുമ്പുതന്നെ ഈറ്റക്കമ്പുകളില്‍കളില്‍ നിന്ന് രൂപപ്പെടുത്തിയ എഴുത്താണികള്‍കൊണ്ടു അവയില്‍ ചിത്രലിപികള്‍ ആലേഖനം ചെയ്യാന്‍ തുടങ്ങി. ഇവയൊക്കെ വായിച്ചെടുക്കാന്‍ അതെഴുതിയ ആള്‍ തന്നെ മിക്കവാറും വേണ്ടിവന്നിരുന്നു.  ഈജിപ്തില്‍ ജന്തുക്കളുടെയും മറ്റു നാനാതരം വസ്തുക്കളുടെയുമൊക്കെ നേര്‍ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ആണ് ക്ഷേത്രച്ചുമരുകളിലും പാപ്പിറസ് ചുരുളുകളിലും ഭാഷ ആലേഖനം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. ക്രി.മു. മുവ്വായിരത്തോടെത്തന്നെ  ഇത് നിലവില്‍ വന്നിരുന്നു. “മടുവ-നതര്‍” എന്ന അതിന്റെ പേരിനു ദേവവാണി എന്നായിരുന്നു അര്‍ത്ഥം.  പക്ഷെ ആ ആലേഖനങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പുരോഹിതന്മാര്‍ക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ. 

ബി. സി അഞ്ചാം നൂറ്റാണ്ടായപ്പോഴേക്ക് ഈ രംഗത്ത്‌ അടുത്ത കുതിച്ചുചാട്ടം സംഭവിക്കുന്നത് കാണുന്നു.  .  അക്കാലത്ത് ഈ ചിത്രലിപികള്‍ സങ്കേതബദ്ധങ്ങളാകുകയും ആരെഴുതിയതായാലും അത് മറ്റേതൊരാള്‍ക്കും വായിച്ച് മനസ്സിലാക്കാവുന്ന മട്ടിലാകുകയും ചെയ്തു.  തുടര്‍ന്നു മനുഷ്യന്‍ സംസാരിക്കാനുപയോഗിക്കുന്ന ഓരോ ശബ്ദങ്ങളെയും മനസ്സിലാക്കി അവക്കോരോന്നിനും വെവ്വേറെ സൂചകങ്ങള്‍ കണ്ടെത്തി അവയുപയോഗിച്ച് സംസാരഭാഷ തന്നെ നേരിട്ട് ആലേഖനം ചെയ്യുന്ന രീതി പലയിടങ്ങളിലും നിലവില്‍ വന്നു.  ചിത്രലിപികളെ അപേക്ഷിച്ചു ഈ പുതിയ രീതിയില്‍ ലിപികളുടെ എണ്ണം വളരെ കുറവായിവന്നു.  അതോടെ ആലേഖന വിദ്യ പഠിക്കാനും പഠിപ്പിക്കാനും പ്രയോഗിക്കാനും വളരെ എളുപ്പമായി.  മുന്‍കാലങ്ങളില്‍ ചിത്രലിപികളിലെ മുഴുവന്‍ സങ്കേതങ്ങളും പഠിക്കാനും പ്രയോഗക്ഷമത നേടാനും  പത്തോ പതിനഞ്ചോ വര്‍ഷക്കാലത്തെ കഠിനാദ്ധ്വാനം വേണ്ടിവന്നിരുന്നു.  എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ടു ഈ വിദ്യ പഠിക്കാമെന്നായി.  ഇതിന്റെ ആദ്യഫലങ്ങള്‍ കൃഷിയുടെയും വ്യാപരത്തിന്റെയും മേഖലകളിലെ അപ്രതീക്ഷിതമായ  പുരോഗതിയായിരുന്നു.  തുടര്‍ന്നു ഇത്തരം ലിപികള്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ വമ്പന്‍ സാഹിത്യസമ്പത്തുകള്‍ രൂപം കൊണ്ടു. 

ചൈനയില്‍ വൈവിധ്യമുള്ള ചിത്രരൂപങ്ങള്‍ ഇതിന്നായി ഉപയോഗിച്ചു പോന്നു. നാലായിരം കൊല്ലം മുമ്പ് തന്നെ അവര്‍ ഇത് സ്ഫുടീകരിച്ചെടുത്തിരുന്നു.  അവരുടെ ലിപിസമുച്ചയങ്ങള്‍ മാത്രമാണ് ആരംഭം മുതല്‍ ഇന്നേ വരെ കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ നിലനിന്നുപോന്നിട്ടുള്ളത്. ചൈനയില്‍ നിന്ന് ആദ്യകാലത്തെ ലിഖിതങ്ങള്‍ കിട്ടിയിട്ടുള്ളത് വെങ്കലപ്പാത്രങ്ങളില്‍ കൊത്തിവച്ച മട്ടിലാണ്.  പിന്നീട് മുളയലകുകളില്‍ മുളംകമ്പുകള്‍ കൂര്‍പ്പിച്ചെടുത്ത് എഴുതാന്‍ തുടങ്ങി.  രോമം കൊണ്ടുള്ള ബ്രഷുകള്‍ പ്രചാരത്തില്‍ വന്നപ്പോള്‍ പട്ടുതുണിയിലും മറ്റും എഴുതാനും തുടങ്ങി.  ഇതോടെ കയ്യെഴുത്തുകല (Calligraphy)വികസിക്കാന്‍ തുടങ്ങി. പിന്നിടു ക്രി.പി. ഒന്നാം നൂറ്റാണ്ടോടെ അവര്‍ കടലാസും നിര്‍മ്മിച്ചെടുത്തു.  ഈ വിദ്യ അറബികളുടെതടക്കം മറ്റു പല നാടുകളും സ്വായത്തമാക്കുകകയും പതിനൊന്നാം നൂറ്റാണ്ടോടെ  യൂറോപ്പിലെത്തുകയും ചെയ്തു.      

എന്നാല്‍ ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും സുമേറിലേയോ സെമെറ്റിക്ക് പ്രദേശങ്ങളിലേയോ സിന്ധുതടത്തിലേയോ ചൈനയിലേയോ മട്ടില്‍ സ്വതന്ത്രവും അവരുടേത് മാത്രവുമായ ലിപികള്‍ ഉണ്ടായില്ല.  നിലവില്‍ വന്ന ലിപിവ്യവസ്ഥകളെക്കാള്‍ എത്രയോ കൂടുതല്‍ ഭാഷകള്‍ ലോകത്തെമ്പാടുമായി അന്നേ ഉണ്ടായിരുന്നു.  പില്‍കാലത്ത്‌ അവയില്‍ പലതും അയല്പക്കത്തെയോ അധിനിവേശകരുടെയോ ലിപിവ്യവസ്ഥ സ്വായത്തമാക്കുകയാണ് ഉണ്ടായത്‌. 



ഉദാഹരണത്തിനു യൂറോപ്പിനെ തന്നെ എടുക്കുക.  ക്രി.മു പതിനഞ്ചാം നൂറ്റാണ്ടോടെ ഗ്രീസില്‍ പ്രത്യക്ഷപ്പെടുന്ന യവനരുടെ ആദിഗോത്രങ്ങള്‍  സെമെറ്റിക്ക് പ്രദേശത്തുനിന്നുള്ള ഫിനീഷ്യരുടെ ലിപിവ്യവസ്ഥ സ്വീകരിക്കുന്നതാണ് കാണുന്നത്.  ഫിനീഷ്യര്‍ക്ക് മദ്ധ്യധരണിക്കടലിന്‍റെ  കിഴക്കന്‍ പ്രദേശങ്ങളിലും ക്രീറ്റ് ദ്വീപിലുമൊക്കെ അന്നുതന്നെ ധാരാളം കച്ചവടസങ്കേതങ്ങള്‍ ഉണ്ടായിരുന്നു.  ഗ്രീക്കുകാര്‍ സംസാരിച്ചിരുന്ന ഭാഷ ഇന്‍ഡോ-യൂറോപ്പ്യന്‍ വിഭാഗത്തില്‍പ്പെട്ടതായിരുന്നു.  കയ്യില്‍ക്കിട്ടിയ ഫിനീഷ്യന്‍ ലിപിവ്യവസ്ഥ തങ്ങളുടെ ഭാഷക്കനുരൂപമായി അവര്‍ കാലംകൊണ്ട് മാറ്റിയെടുത്ത് ഇന്നത്തെ ഗ്രീക്ക് ലിപിയുടെ പ്രാഗ് രൂപമുണ്ടാക്കി..  രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കു ശേഷം എത്രുസ്കരും റോമാക്കാരും ഈ ലിപിവ്യവസ്ഥ പകര്‍ത്തി ഉപയോഗിക്കാന്‍ തുടങ്ങിയതില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ലാറ്റിന്‍ ഭാഷയുടെ  ലിപിവ്യവസ്ഥ.  ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടില്‍ നിന്നാണ് അറിയപ്പെടുന്നതില്‍ ആദ്യത്തെ ലാറ്റിന്‍ ലിഖിതം കിട്ടിയിട്ടുള്ളത്.  പില്‍ക്കാലത്ത്‌ ഫ്രഞ്ചുകാരും സ്പെയിന്കാരും പോര്ച്ചുഗീസുകാരുമെല്ലാം ഈ ലിപികള്‍ സ്വീകരിക്കുകയും തങ്ങളുടെ ഭാഷയുടെ ഉച്ചാരണഭേദങ്ങള്‍ക്കനുസരണമായി വേണ്ടപോലെ മാറ്റിയെടുക്കുകയും ചെയ്തു.  റോമില്‍ നിന്ന് കത്തോലിക്കമതം ഇവിടങ്ങളിലേക്കു പരന്നതോടെയാണ് ഇതു സംഭവിച്ചത്. 



അതേ കാരണം കൊണ്ടു തന്നെ, അതായത്‌ പോപ്പിന്‍റെ സ്വാധീനമേഖല വികസിക്കുന്നതോടെ, ജര്‍മനിയും ഡന്മാര്‍ക്കും ഇംഗ്ലണ്ടും ഉള്പ്പെടുന്നയിടങ്ങളില്‍ നിലവിലുണ്ടായിരുന്ന ജര്‍മാനിക്ക് ഭാഷകളായ ജര്മനും ഇംഗ്ലീഷും ഡാനിഷുമെല്ലാം ലാറ്റിന്‍ ലിപി സ്വീകരിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാന്‍ തുടങ്ങി. അവര്‍ക്ക്‌ റൂണ്‍സ എന്ന പേരില്‍ ഒരു ലിപി നിലവിലുണ്ടായിരുന്നു.  ഗ്രീക്ക്/എട്രുസ്കന്‍ ലിപികളില്‍ നിന്ന് വളരെ നേരത്തെ ഉരുത്തിരിഞ്ഞതാണ് ഈ  ലിപിയെന്നു കരുതുന്നു.  ലാറ്റിന്‍ ഒഴികെയുള്ള ലിപിവ്യവസ്ഥകള്‍ പോപ്പ്‌ പലയിടങ്ങളിലും ഔദ്യോഗികമായിത്തന്നെ നിരോധിച്ചിരുന്നുവത്രേ.  അങ്ങിനെ യൂറോപ്പിലാകമാനം ലാറ്റിന്‍/റോമന്‍ ലിപിവ്യവസ്ഥ  രൂപമാറ്റങ്ങലോടെ നിലവില്‍ വന്നു. 



സ്ലാവ് പ്രദേശത്തെ മതപ്രചാരണത്തിനായി സെയിന്റ് സിറില്‍ (സുറിയാനി സഭയുടെ പ്രചാരകനായിരുന്നു അദ്ദേഹം) ലാറ്റിനില്‍നിന്നു വികസിപ്പിച്ചെടുത്തതാണ് സിറില്ലിക് ലിപി.  ചെക്കോസ്ലോവാക്യ, ബാള്‍ക്കന്‍, ബൈലോ റഷ്യ, റഷ്യ എന്നിവിടങ്ങളില്‍ ഇതിനായിരുന്നു പ്രചാരം. പില്‍ക്കാലത്ത്‌ കത്തോലിക്കര്‍ കടന്നുവന്നതൊടെ മദ്ധ്യയൂറോപ്പിലെ ഈ ഭാഗങ്ങളില്‍ നിന്ന് സെയിന്‍റ് സിറിളിന് തന്നെ മാറിത്താമാസിക്കേണ്ടിവരികയും  ഇവിടങ്ങളില്‍ ലാറ്റിന്‍ ലിപി മേല്‍ക്കൈ നേടുകയും ചെയ്തു.

മദ്ധ്യധരണിക്കടലിന്‍റെ കിഴക്കന്‍ തീരങ്ങളിലേക്ക് കുടിയേറിയ സെമെറ്റിക്ക് ഗോത്രങ്ങളിലൊന്നായ അരാമിയരുടെ ഭാഷയായിരുന്നു അരാമിയ. ഒട്ടകങ്ങളെ മെരുക്കിവളര്‍ത്താന്‍ തുടങ്ങിയത്‌ ഇവരാണത്രേ.  ഗ്രീക്കില്‍ ഇവരുടെ സ്ഥലങ്ങള്‍ സിറിയ എന്നറിയപ്പെട്ടുവന്നു. ഏകദേശം ക്രി.മു 2500 നോടടുത്തുനിന്നു ലഭ്യമായ ഒരു അക്കാഡിയന്‍ ലിഖിതത്തില്‍ അറാം എന്നാ വാക്ക് കാണുന്നുണ്ട്.  സെമെറ്റിക്ക് ലിപികളില്‍ പ്രമുഖമായിരുന്നു അരാമിയരുടെത്‌. മൂലസെമെറ്റിക്കില്‍നിന്ന് സ്വതന്ത്രമായി  വേര്പിരിഞ്ഞുപോന്ന ഈ ലിപിവ്യവസ്ഥ പലകാലങ്ങളിലായി ഇന്നത്തെ സിറിയ മുതല്‍ അഫ്ഘാനിസ്ഥാന്‍ വരെയുള്ള പ്രദേശങ്ങളില്‍ ഉപയോഗത്തിലിരുന്നു.  തക്ഷശിലപ്രദേശത്തുനിന്നു അരാമിയ ലിപിയിലുള്ള ഒരു അശോകശാസനം കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്ഥലങ്ങളില്‍ നിലവിലുണ്ടായിരുന്ന ഖരോഷ്ടി ലിപിക്ക് അരാമിയ ലിപിയുമായി കടപ്പാടുണ്ട്.  ഹീബ്രു ഭാഷയും പില്ക്കാലത്ത് ഈ ലിപികള്‍ സ്വീകരിച്ചു. പഴയ ഹീബ്രു ലിപി ഫിനിഷ്യന്‍ ലിപി ആസ്പദമാക്കിയുള്ളതായിരുന്നു.  യേശുക്രിസ്തു ഉപയോഗിച്ചിരുന്നത് അരാമിയ ഭാഷയായിരുന്നു. അരാമിയ പില്‍ക്കാലത്ത്‌ സുറിയാനി ഭാഷയായി മാറി. 

മറ്റൊരു സെമെറ്റിക്ക് ലിപിയായ അറബിയുടെ കാര്യമെടുക്കാം.  മൂല സെമെറ്റിക്ക് ഭാഷയുമായി ഏറ്റവും അടുപ്പം കാണിക്കുന്നതാണ് അറബിഭാഷ.  ഇന്ന് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ  ലിപിയാണ് ഇതിന്‍റെത്‌. അതിന്റെ വിവിധരൂപങ്ങള്‍ യൂറോപ്പിന്‍റെ ചില ഭാഗങ്ങള്‍, ആഫ്രിക്കയുടെ ഉത്തര-മദ്ധ്യപ്രദേശങ്ങള്‍, ദക്ഷിണപൂര്‍വേഷ്യ, പേര്‍ഷ്യ, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്.  പുഷ്ടു, പേര്‍ഷ്യന്‍, സ്വാഹിലി, ഉര്‍ദു, ജാവി തുടങ്ങിയ ലിപികളും ഇക്കൂട്ടത്തില്പെടുന്നു. 

ദക്ഷിണ അറേബിയയില്‍ ക്രി.മു. 1200 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്കാരങ്ങളിലൂടെ മിനായന്മാരും സേബിയന്മാരും അടങ്ങുന്ന ജനവിഭാഗങ്ങള്‍ വളര്‍ത്തിയെടുത്ത അറബി ഭാഷ ഇസ്ലാമിന്റെ ആവിര്ഭാവത്തിനും മുമ്പേതന്നെ അറേബ്യന്‍ ഉപദ്വീപില്‍ പ്രചാരത്തിലായിരുന്നു.  സിറിയ, ബാബിലോണിയ തുടങ്ങിയ സ്ഥലങ്ങളുമായി അവര്‍ക്ക് സമ്പര്ക്കങ്ങളുണ്ടായിരുന്നു. ബാബിലോണിയയിലെ ഒടുവിലത്തെ ചക്രവര്‍ത്തി മദീനക്കു സമീപമുള്ള തെയ്മയില്‍ ഏതാനും വര്ഷം താമസിച്ചതായി തെളിയുന്നുണ്ട്. തുടര്‍ന്നു അറബിഭാഷ ഇത്തരം സമ്പര്‍ക്കങ്ങളിലൂടെ  അവിടെനിന്നു വടക്കോട്ട് വ്യാപിക്കുന്നു.  ക്രി.മു രണ്ടാം നൂറ്റാണ്ടോടെ നബാത്തിയന്‍ അറബികള്‍ സിറിയയില്‍ ശക്തമായ ഒരു രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ അവിടങ്ങളിലുണ്ടായിരുന്ന അരാമിയലിപി സ്വാംശീകരിച്ചതില്‍ നിന്നാണ് നബാത്തിയന്‍ അറബിലിപി ഉണ്ടായത്.  ഇത് ക്രി.മു ഒന്നാം നൂറ്റാണ്ടിലായിരുന്നിരിക്കണം. തുടര്‍ന്നു പല പരിഷകരണശ്രമങ്ങള്‍ക്കുമൊടുവില്‍ ക്രി.പി ഏഴാം നൂറ്റാണ്ടോടെ ആ ലിപി ഇന്നത്തെ അതിന്റെ രൂപം കൈക്കൊണ്ടു. കയ്യെഴുത്ത് (calligraphy) ആദ്യം രൂപംകൊണ്ടത് ചൈനയിലാണെങ്കിലും  അറബിദേശങ്ങളിലും കാലാന്തരേണ അത് സ്വതന്ത്രമായി നിലവില്‍ വന്നു.  ലിപികള്‍ വടിവിലും ചന്തത്തിലും ദൃശ്യഭംഗിയോടെ  വിവിധരീതികളില്‍ എഴുതപ്പെട്ടുപോന്നു.  ഈജിപ്തും വടക്കന്‍ ആഫ്രിക്കയും ജിബ്രാള്‍ട്ടറും വഴി അറബികള്‍ സ്പെയിനിലൂടെയും സിസിലിയിലൂടെയും യൂറോപ്പില്‍ എത്തിപ്പെട്ടപ്പോള്‍  അറബിലിപിയോടൊപ്പം കടല്കടന്നുചെന്ന ഈ കാല്ലിഗ്രാഫി യൂറോപ്പിലാകമാനം അക്കാലത്ത്‌ പ്രിയമേറിയ ഒന്നായിരുന്നു.  അതേത്തുടര്‍ന്ന് ലാറ്റിന്‍ ലിപിയിലും ഈ കല പരീക്ഷിക്കപ്പെടുകയും വിജയിക്കുകയും ചെയ്തു.  ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ കിരീടധാരണസമയത്തെ ആഡംബരവസ്ത്രങ്ങള്‍ മനോഹരങ്ങളായ അറബികയ്യെഴുത്തുകള്‍ കൊണ്ടു അലങ്കരിച്ചിരുന്നുവത്രേ.  മദ്ധ്യകാലത്ത് യൂറോപ്പിലെ ക്രൈസ്തവദേവാലയങ്ങളിലും അറബിലിപികള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ ഉണ്ടായിരുന്നു.

പരാമര്‍ശവിധേയമാക്കേണ്ട ലിപികളില്‍  ഇനി പ്രധാനമായവ ഭാരതീയ ലിപികളാണ്.  ഇവിടെ ആദ്യം രംഗത്തെത്തുന്നത് സൈന്ധവലിപികളാണ്.  അയ്യായിരം വര്ഷം പഴക്കമുള്ള ഇവയുടെ ലിഖിതരൂപങ്ങള്‍ ധാരാളം കിട്ടിയിട്ടുണ്ടെങ്കിലും  അവയൊന്നും ഇതുവരെ വായിച്ചെടുക്കാനായിട്ടില്ല.  ആയിരം കൊല്ലത്തോളം നിലനിന്നശേഷം ഇത് പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായി കാണുന്നു.  അത് കഴിഞ്ഞ് ഏഴെട്ടു നൂറ്റാണ്ടോളം കഴിഞ്ഞ് ഈ പ്രദേശത്ത് ബ്രാഹ്മി ലിപി രൂപം കൊണ്ടു.  ഇന്ന് നിലവിലുള്ള എല്ലാ ഭാരതീയലിപികളുടെയും മൂലലിപി ഈ ബ്രാഹ്മിയാണ്.  ഇതിന്‍റെ ഉത്പത്തിയെക്കുറിച്ച് കാര്യമായ അറിവൊന്നും കിട്ടിയിട്ടില്ല.  സൈന്ധവലിപി ഇടക്കാലത്ത് വച്ചു നഷ്ടമായിപ്പോയശേഷം സിന്ധുതീരങ്ങളില്‍ ഇത് ക്രി.മു. എട്ടാം നൂറ്റാണ്ടോടെ സ്വതന്ത്രമായി രൂപം കൊണ്ടുവെന്നും ക്രി.മു. അഞ്ചാം നൂറ്റാണ്ടോടെ പൂര്‍ണ്ണരൂപം കൈക്കൊണ്ടു എന്നുമാണ് നിഗമനം.  മറ്റു ലിപികളുമായി തട്ടിച്ചുനോക്കുമ്പോള്‍  ഇത് അതീവശ്രദ്ധയോടെ, കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെ ചിട്ടപ്പെടുത്തിയ ഒന്നാണെന്ന് പറയപ്പെടുന്നു .  മനുഷ്യഭാഷണത്തിലെ മിക്കവാറും എല്ലാ ശബ്ദങ്ങളും ആലേഖനം ചെയ്യാന്‍ ഇതിന്നു കഴിയുന്നുണ്ട്. ലോകത്തിലെ അക്ഷരസംയുക്തരായ എല്ലാ പൌരാണികസമൂഹങ്ങളെയുംപോലെ ഭാരതീയരും സങ്കല്പിച്ചിരുന്നത് ലിപി ദൈവദത്തമാണെന്നായിരുന്നു.  അതുകൊണ്ടാകണം ബ്രഹ്മാവിന്‍റെത് എന്ന അര്ത്ഥത്തില്‍ അവര് തങ്ങളുടെ ലിപിക്ക് ബ്രാഹ്മി എന്ന് പേരിട്ടത്.  രൂപപ്പെട്ട ശേഷം നൂറ്റാണ്ടുകളിലൂടെ ഇത് പല രൂപമാറ്റങ്ങളിലൂടെയും കടന്നുപോന്ന്‍ ഒടുവില്‍ അതിന്റെ ഉത്തര-ദക്ഷിണ രൂപങ്ങളിലെത്തുകയും രണ്ടു പ്രദേശങ്ങളിലെയും വ്യത്യസ്തഗണങ്ങളില്‍പ്പെട്ട ഭാഷകള്‍ക്ക് വിവിധലിപികള്‍  സമ്മാനിക്കുകയും ചെയ്തു.  ഗുപ്തരാജാക്കന്മാരുടെ കാലത്തെ ബ്രാഹ്മിലിപിയുടെ തുടര്‍ച്ചയില്‍നിന്നാണ് പില്‍ക്കാലത്ത്‌ ദേവനാഗരി ലിപി രൂപം കൊണ്ടത്‌. ഇതേ തുടര്‍ച്ചയിലാണ് തിബത്തന്‍ ഭാഷക്കുള്ള ലിപിയും രൂപപ്പെട്ടത്‌.   തിബത്തന്‍ ലിപിയിലെഴുതിയ ചീനഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  ഹിന്ദി, ബംഗാളി, ഒറിയ, ബ്രാഹ്മണി, മൈഥിലി തുടങ്ങിയ ഭാഷകളുടെ ലിപിയും ഈ ബ്രാഹ്മിയില്‍നിന്നു വന്നതാണ്.

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട നാല് ലിപികള്‍ക്കും ബ്രാഹ്മി തന്നെ ആണ് ആധാരം.  പഴയകാലത്ത്‌ തമിഴെഴുതാന്‍ ബ്രാഹ്മി ഉപയോഗിച്ചിരുന്നു.  പിന്നീട് അതില്‍നിന്നും ഉരുത്തിരിഞ്ഞ വട്ടെഴുത്ത് എന്ന ലിപിരൂപം തമിഴും മലയാളവും എഴുതാന്‍ ഉപയോഗിച്ചു പോന്നു.  സംസ്കൃത ശബ്ദങ്ങള്‍ തെറ്റാതെ എഴുതാനാവും മട്ടില്‍ രൂപപ്പെടുത്തിയ ഗ്രന്ഥലിപിയും നടപ്പിലുണ്ടായിരുന്നു. പല്ലവരാജാക്കന്മാരായിരുന്നു ഇതിന്‍റെ പ്രോത്സാഹകര്‍.  കേരളക്കരയില്‍ പ്രചാരത്തിലിരുന്ന വട്ടെഴുത്തും ഗ്രന്ഥലിപിയും ചേര്‍ന്നാണ് ഇന്നത്തെ മലയാളലിപികള്‍ രൂപപ്പെട്ടത്.



ശ്രീലങ്കയില്‍ നിലവില്‍ നിന്ന പഴയ സിംഹളഭാഷയെ ബുദ്ധമതത്തോടൊപ്പം ഇന്ത്യയില്‍ നിന്നെത്തിയ പാലിയും സ്വാധീനിച്ചു.  കൂട്ടത്തിലെത്തിയ ബ്രാഹ്മിയില്‍നിന്നു രൂപപ്പെട്ടതാണ് ഇന്നത്തെ സിംഹളഭാഷയുടെ  ലിപിയും.  മാലിദ്വീപില്‍ ആദ്യകാലത്ത്‌ സിംഹളത്തിന്‍റെ ഒരു വകഭേദമായിരുന്നു. നിലവിലുണ്ടായിരുന്നത്.  അതിന്‍റെ ലിപി സിംഹളലിപിയോടു കടപ്പെട്ടിരുന്നു.  പില്ക്കാലത്ത്‌ അറബികളുടെ സ്വാധീനത്തിലായ ഈ ദ്വീപുകളില്‍ അറബിയില്‍ നിന്ന് രൂപംകൊണ്ട പുതിയൊരു ലിപിവ്യവസ്ഥ നടപ്പിലായി.  ബര്‍മയില്‍ (ഇന്നത്തെ മിയാന്മാര്‍) ഭാഷകളും ഉപഭാഷകളുമായി തിബത്തോ-ചൈനീസ്, ആസ്ത്രോ-ഏഷ്യാറ്റിക്ക്, മലായ്‌-പോളിനേഷ്യന്‍ കുടുബങ്ങളില്പെട്ട ഏതാണ്ട് നൂറെണ്ണം നിലവിലുണ്ട്.  അവിടെ നിലവിലുള്ള മോണ്‍, ഷാന്‍, ബര്‍മീസ്‌ എന്നീ ഭാഷകളുടെ ലിപികള്‍ ദക്ഷിണേന്ത്യന്‍ ഗ്രന്ഥലിപിയുടെ മറ്റൊരു പരിണതരൂപമാണ്.  പല്ലവകാലത്താണ് ഇന്ത്യയില്‍നിന്നു കച്ചവടക്കാരോടും ബുദ്ധമതത്തോടുമൊപ്പം ഈ ലിപി അവിടെ എത്തിയത്‌.  ഇവിടത്തെ ദേശീയ ലിപി ബിച്ചയാണ്.  ഇതിന്റെയും ഉത്പത്തി ഗ്രന്ഥലിപിയില്‍ നിന്നാണ്.  ഇതുപോലെ ഭാരതത്തില്‍ നിന്ന് പുറപ്പെട യോദ്ധാക്കളും പുരോഹിതരും കച്ചവടക്കാരുമടങ്ങുന്ന കുടിയേറ്റക്കാര്‍ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളായ തായ്‌ലാന്‍റ്, കംപൂച്ചിയ, ലാവോസ്, വിയറ്റ്നാം, ഫില്ലിപ്പീന്‍സ്‌  തുടങ്ങിയ സ്ഥലങ്ങളില്‍ ഹിന്ദുസാമ്രാജ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.   ക്രിസ്തു രണ്ടാം ശതകത്തോടെ മദ്ധ്യവിയറ്റ്നാമില്‍ പ്രബലമായിത്തീര്‍ന്ന  ചാം വംശജരുടെ ലിഖിതങ്ങളില്‍ ഭാഷ സംസ്കൃതവും ലിപി ദക്ഷിണബ്രാഹ്മിയോടു കടപ്പെട്ടതുമാണ്. അഞ്ചാം നൂറ്റാണ്ടില്‍ തെക്കേഇന്ത്യയില്‍നിന്നു ഇന്നത്തെ കംപൂച്ചിയയില്‍ കുടിയേറിപ്പാര്ത്തവര്‍ അവിടെ കെട്ടിപ്പടുത്ത സംസ്കൃതിയില്‍ സ്വീകരിച്ചിരുന്ന ലിപിയും ദക്ഷിണബ്രാഹ്മിയുടെ തുടര്‍ച്ചയാണ്.   ഈ ലിപി ഇന്നും മാറ്റങ്ങളോടെ അവിടെ  തുടര്‍ന്നുപോരുന്നു.



മലയ മുതല്‍ ഹവായ്‌ വരെയും മഡഗാസ്കര്‍ മുതല്‍ ഫില്ലിപ്പീന്‍സ്‌ വരെയും ഫോര്‍മോസ മുതല്‍ ന്യൂ സീലാന്റ്റ്‌ വരെയും ഉള്ള ദ്വീപുസമൂഹങ്ങളിലെ ഭാഷകളെല്ലാം മലായ്‌-പോളിനേഷ്യന്‍ കുടുംബത്തില്‍ പെട്ടതാണ്.  പാപുവാ ന്യൂ ഗിനിയ മാത്രമേ അപവാദമായിട്ടുള്ളൂ.  ബഹാസ മലയെഷ്യ എന്നും ബഹാസ ഇന്തോനേഷ്യ എന്നും ഈ പ്രദേശത്തെല്ലാം അറിയപ്പെടുന്ന ഭാഷ അറബി, പേര്‍ഷ്യന്‍, പോര്ച്ച്ഗീസ്, ഡച്ച്, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളില്‍നിന്നെല്ലാം പദങ്ങള്‍ സ്വീകരിച്ചു നിലനില്‍ക്കുന്ന ഒന്നാണ്.  ഈ ഭാഷയ്ക്ക്‌ പണ്ടുണ്ടായിരുന്നത് ഭാരതീയലിപികളായിരുന്നു, പിന്നീടു അതു അറബി ലിപിയും ലാറ്റിന്‍ ലിപിയും സ്വീകരിച്ചു.  ജാവയിലെ ഏതാനും ഭാഗത്തും സെലിബസ്, സുമാത്ര, ബാലി എന്നിവിടങ്ങളിലും ഉള്‍നാടുകളില്‍ ഇന്നും ഭാരതീയ ലിപിരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.  ജാവയിലെ മഹാപഹിത്ത്‌ രാജവംശം ചുറ്റുമുള്ള ദ്വീപുകളെയെല്ലാം കീഴടക്കിയ കൂട്ടത്തില്‍ ഫിലിപ്പീന്‍സും ഉള്‍പ്പെട്ടിരുന്നു. അങ്ങിനെ ഭാരതീയസംസ്കാരവും ഭാഷകളും ലിപികളും അവിടെയും പ്രചാരത്തിലായിരുന്നു.  ഒമ്പതാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ ബുദ്ധമതം അവിടെ പ്രചാരത്തിലുണ്ടായിരുന്നു.  ജാവയിലെയും മലയയിലെയും ഭാരതീയ ലിപിസങ്കേതങ്ങളില്‍ നിന്ന് രൂപപ്പെട്ട ലിപിയാണ് ഇവിടെ ഉപയോഗത്തിലിരുന്നത്.  ഇപ്പോള്‍ ഇവിടെ പ്രചാരത്തിലുള്ളത് റോമന്‍ ലിപിയാണ്.  ഈ മാറ്റത്തിനു പുറകില്‍ ഡച്ച് ഭരണസംവിധാനവും ക്രിസ്ത്യന്‍ മിഷനറിമാരുമായിരുന്നു.  വിയറ്റ്നാമിലും ലാറ്റിന്‍ ലിപികള്‍ വികസിച്ചുവരാനുള്ള കാരണം ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. 



ചൈനയിലും ജപ്പാനിലും റോമന്‍ ലിപികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗികമായിത്തന്നെ നടന്നെങ്കിലും ഒന്നുംതന്നെ ഫലം കണ്ടിട്ടില്ല.  ജാപ്പനീസ്‌ ഭാഷ ലാറ്റിന്‍ ലിപിയിലെഴുതിയെടുക്കാനുള്ള ശ്രമങ്ങള്‍ മിഷനറിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും സാങ്കേതികവും വൈകാരികവുമായ കാരണങ്ങളാല്‍ ആ ഭാഷ ഈ ലിപിമാറ്റത്തിനു വഴങ്ങുകയുണ്ടായില്ല.  1618 ല്‍ ഒരിക്കല്‍ ക്രൈസ്തവരെ മുഴുവന്‍ ജപ്പാനില്‍നിന്നു പുറന്തള്ളുകയുണ്ടായി.  അതോടെ അവിടെ ലാറ്റിന്‍വല്‍ക്കരണശ്രമങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു.  ബ്രിട്ടീഷുകാരുടെ കാലത്ത്‌ ഇന്ത്യയിലും ഹിന്ദുസ്ഥാനിഭാഷ  റോമന്‍ ലിപികള്‍ ഉപയോഗിച്ച് എഴുതിയിരുന്നു.  ഇതു പക്ഷെ പട്ടാളക്കാരുടെ ഔദ്യോഗികാവശ്യങ്ങളില്‍ മാത്രം ഒതുങ്ങി.  സ്വാതന്ത്ര്യാനന്തരം അത് വിസ്മരിക്കപ്പെടുകയും ചെയതു.  ഭാരതീയലിപികളുടെ അറബിവല്‍ക്കരണത്തിന്റെ കാര്യമെടുക്കുമ്പോള്‍ അറബിത്തമിഴും അറബിക്കന്നടവും, അറബിമലയാളവും നിലവിലുണ്ടായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്.  ഈ ഭാഷകള്‍ നേരെ അറബിലിപികൊണ്ട് എഴുതുന്ന രീതിയായിരുന്നു ഇത്.  ഇതോടെ അറബി പദസമ്പത്തുകള്‍ ഈ ഭാഷകളിലേക്ക് ധാരാളം കടന്നുവന്നു.  അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കഥയും വ്യത്യസ്തമല്ല.  അസ്ടെക്കുകളും മായന്മാരും, ഒള്മെക്കുകളും തങ്ങളുടെ ലിപികള്‍ വളര്ത്തിയെടുത്തുകൊണ്ടിരുന്ന കാലത്താണ് അവിടേക്ക്‌ സ്പെയിന്കാരും പോര്‍ച്ചുഗീസുകാരും എത്തിപ്പെടുന്നത്. തുടര്‍ന്ന് വടക്കും തെക്കും അമേരിക്കകളുടെ രാഷ്ട്രീയ ഭൂപടത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കൊപ്പം ലാറ്റിന്‍ ലിപികള്‍ അവിടെയും പ്രചാരത്തിലായി. മായരുടെയും അസ്തെക്കുളുടെയും വകയായി  ഒരു വമ്പന്‍ ഗ്രന്ഥശേഖരം ഉണ്ടായിരുന്നത്  യുക്കറ്റാനിലെ രണ്ടാമത്തെ ബിഷപ്പ്‌ “‘പിശാചിന്റെ ഗ്രന്ഥങ്ങള്‍’” എന്ന് മുദ്രകുത്തി ഒന്നും ബാക്കി വക്കാതെ ചുട്ടെരിച്ചുകളഞ്ഞു എന്നാണു ചരിത്രം.  ലിപികളില്ലാതെപോയതുകൊണ്ടും നിരവധി ഭാഷകള്‍ അന്യംനിന്ന് പോകുന്നുണ്ട്.   ത്രിപുരയിലെ ഗോത്രമേഖലകളില്‍ സംസാരിച്ചുപോരുന്ന എതാനും ന്യുനപക്ഷഭാഷകളിലൊന്നായ "സയ്മാര്‍" അതു സംസാരിക്കുന്നവരുടെ എണ്ണം വെറും നാലിലേക്കൊതുങ്ങിക്കഴിഞ്ഞതിനാല്‍ താമസിയാതെ വിസമൃതമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്.

മതങ്ങള്‍ക്ക് പുറകെ ഭാഷയും ലിപിയും എന്ന തത്വം ലോകത്തെമ്പാടും ലിപിമാറ്റങ്ങള്‍ക്ക് കാരണമായെന്ന് നമുക്ക് കാണാനാകുന്നു. എന്നാല്‍ ദേശീയതയുടെ പേരിലും ലിപിമാറ്റം നടന്നതായി കാണാം.  അങ്ങിനെയൊന്നു നടന്നത് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ തുര്‍ക്കിയിലാണ്.  അന്നോളം അറബിയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന തുര്‍ക്കി ഭാഷക്ക്‌ ലാറ്റിന്‍ ലിപി സ്വീകരിക്കാന്‍ അത്താതുര്‍ക്ക് കമാല്‍ പാഷ ഉത്തരവിട്ടു.  വേണ്ടത്ര മാറ്റങ്ങളോടെ 1928 നവംബറില്‍ അങ്ങിനെ തുര്‍ക്കിയില്‍ ലാറ്റിന്‍ ലിപി ഒരു വിളംബരം മുഖേന നിലവില്‍ വന്നു.  പഴയ സോവിയറ്റ്‌ യൂണിയനില്‍ സിരിള്ളിക്കില്‍ നിന്ന് ലാറ്റിനിലേക്ക് മാറാനുള്ള ഒരു ശ്രമം വിപ്ലവാനന്തരദശകങ്ങളില്‍ നടക്കുകയുണ്ടായി.  അത് പക്ഷെ പല കോണുകളില്‍ നിന്നുമുള്ള രാഷ്ട്രീയവും ഭാഷാപരവുമായ എതിര്‍പ്പുകള്‍ കാരണം ഫലപ്രാപ്തിയിലെത്തിയില്ല

ഇതാണ് ലോകത്തിലെ പ്രധാനപ്പെട്ട നാല് ലിപിശാഖകളുടെ ഒരു പൊതുചരിത്രം.   വിസ്തരഭയം മൂലം ഇവിടെ ചര്‍ച്ചചെയ്യാതെവിടുന്ന പല ലിപിസങ്കേതങ്ങളും ഇനിയും വളരെയുണ്ട്.  ലിപികളുടെ ചരിത്രത്തില്‍ അതാത് കാലത്തെ സാമ്പത്തിക രാഷ്ട്രീയസംവിധാനങ്ങള്‍ ചെലുത്തുന്ന പങ്ക് ഇതില്‍ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ.   സാംസ്ക്കാരികവും രാഷ്ട്രീയവുമായ അധിനിവേശങ്ങള്‍ തങ്ങളുടെ ലിപിവ്യവസ്ഥകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതും  പുതിയ ലിപികള്‍ രൂപപ്പെടുത്തുന്നതും ചിലയിടങ്ങളില്‍ അവക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ നിലവിലുള്ളവയെ വൈകാരികതയോടെ കാത്തുസൂക്ഷിക്കുന്നതും, നിലനില്‍ക്കുന്ന ലിപികള്‍ അതാത് രാഷ്ട്രീയ-മാതാധികാരങ്ങളുടെ ശക്തിയുടെ മാപകങ്ങളായി മാറുന്നതും നാം കാണുന്നു.  ലിപികളുപയോഗിച്ച് കൂടുതല്‍ക്കൂടുതല്‍ ജനസഞ്ചയങ്ങളെ ഒരേ ഭരണത്തിന്റെയും വിശ്വാസത്തിന്റെയും കുടക്കീഴില്‍ തളച്ചിടാനുള്ള ശ്രമങ്ങളും നാം കാണുന്നു. 



ചിത്രലിപികള്‍ ആദ്യം ഉപയോഗത്തിലെത്തിയ കാലത്ത്‌ അവ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ സമൂഹത്തില്‍ ചെലുത്തിയിരുന്ന സ്വാധീനവും അധികാരവും അപരിമേയമായിരുന്നു.  തുടര്‍ന്നു എഴുത്തറിയാവുന്നവരുടെ അംഗസംഖ്യ വര്‍ദ്ധിക്കുന്നതോടെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ആരംഭിക്കുന്നു.  എഴുതാന്‍ പഠിക്കുന്നത്, ഏതൊരു വ്യക്തിയെയും സംബന്ധിച്ചേടത്തോളം, ആധുനികകാലത്ത്  ജനാധിപത്യക്രമങ്ങളിലെ ഭരണാധികാരത്തില്‍ പങ്കുപറ്റാനുള്ള ആദ്യത്തെ ചവിട്ടുപടിയായിമാറുന്നു.  എഴുത്തറിയാവുന്നവര്‍ക്ക്  കാര്യങ്ങള്‍ അറിയാനും സ്വന്തം കാര്യം പറയാനും അത് മറുള്ളവരെ ബോധ്യപ്പെടുത്താനും അങ്ങിനെ തങ്ങളുടെ അതിജീവനം ഉറപ്പാക്കാനും സ്വയമേവ കഴിയുന്നു.  സ്വന്തമായ എഴുത്തുരീതികള്‍ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും ആകാത്തത്കൊണ്ട് ആധുനികകാലത്ത് ദുരിതപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന കേരളത്തിലെ ആദിവാസികളെയും അടുത്തകാലത്ത് (1925) ഇഛാശക്തിയോടെ  സ്വന്തമായി ഒരു ലിപിവ്യവസ്ഥ സൃഷ്ടിച്ച്  അതില്‍ സ്വന്തമായ സാഹിത്യം വരെ വികസിപ്പിച്ചെടുത്ത സന്താള്‍ വര്ഗ്ഗക്കാരുടെയും (ബംഗാള്‍ ജാര്‍ഖണ്ട് ഒഡിഷ പ്രദേശങ്ങളിലെ)  ചിത്രങ്ങള്‍   ഒരേ കടലാസിന്റെ രണ്ടു വ്യത്യസ്തപുറങ്ങളില്‍ നമുക്ക് കാണാനാകുംവിധം നമ്മെ നോക്കി നില്‍പ്പുണ്ട്; ഒന്ന് ദൈന്യതയോടെയാനെങ്കില്‍ മറ്റേത് അഭിമാനത്തോടെയാണെന്നു മാത്രം. 

അങ്ങിനെ സമൂഹശ്രേണിയില്‍ ഒരേസമയം താഴെനിന്നു മുകളിലോട്ടും തിരികെ താഴോട്ടും മര്‍ദ്ദ-പ്രതിമര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭാഷകളും ലിപികളും മനുഷ്യചരിത്രത്തെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു.  

എന്തായാലും എഴുത്തറിയുക എന്നതുതന്നെയാണ് എക്കാലത്തും പ്രധാനകാര്യം.

-----------------------------------------------------------------------------

. 

·         കടപ്പാട് :  ലിപികളും മാനവസംസ്കാരവും, പ്രൊഫ. കെ ഏ. ജലീല്‍, കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്. 

Sunday, June 24, 2012

പട്ടണപ്രവേശത്തിന്റെ ബാക്കിപത്രം

കേരള ചരിത്ര ഗവേഷണ കൌണ്‍സില്‍ പട്ടണം ഉത്ഖനനത്തിന്ന്‍ അവലംബിച്ച രീതികളെയും ഉത്ഖനനത്തില്‍നിന്നു നിന്ന് കിട്ടിയ വിവരങ്ങളെയും അവ ഉപയോഗപ്പെടുത്തുന്ന ചരിത്രാന്വേഷണങ്ങളെയും പറ്റി ധാരാളം ആക്ഷേപങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്.  ഉത്ഖനനം തന്നെ ശരിയായ രീതിയലായിരുന്നില്ലെന്നും അതില്‍ ധാരാളം പാളിച്ചകളുണ്ടെന്നും അത്കൊണ്ട് അവിടത്തെ വിവിധ മണ്ണടരുകളില്‍ നിന്ന് ലഭിച്ച വസ്തുക്കളുടെ പഠനം ശരിയായ ദിശയിലല്ല നടന്നിരിക്കുന്നതെന്നും പല പുരാവസ്തുഗവേഷകരും അഭിപ്രായപ്പെടുന്നതായി കേള്‍ക്കുന്നു.  അതുപോലെത്തന്നെ പ്രധാനമായ മറ്റൊരു കാര്യം ഖനനത്തില്‍ നിന്ന് കിട്ടിയ പലതരം വസ്തുക്കളുടെ ശേഖരങ്ങള്‍ വേണ്ട രീതിയില്‍ പരിരക്ഷിപ്പെടാതിരുന്നതുമൂലം നഷ്ടമായിട്ടുണ്ടെന്നും ആണ്.  സഞ്ചികളിലാക്കി വച്ചിരുന്ന അവ ആ പ്രദേശവാസികള്‍ പലരും തന്നെ അശ്രദ്ധമായി എടുത്തുകൊണ്ടുപോയത് കാരണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഖനനം നടന്നു കഴിഞ്ഞശേഷം അതാത് കുഴികളില്‍ ബാക്കിയുണ്ടായിരുന്നവയും വേണ്ടപോലെ സൂക്ഷിക്കാനായിട്ടില്ലെന്നും ഉത്ഖനനത്തിന്റെ സംഘാടകര്‍തന്നെ പറഞ്ഞതായും കേള്‍ക്കുന്നു.  തുടര്‍ച്ചയായി നടത്തപ്പെട്ട ഈ പ്രയത്നം, ഏറെ കൊട്ടിഘോഷിക്കപ്പെട്ടശേഷം അകാലത്തില്‍ നിലക്കുകയാണോ എന്ന സംശയവും ബലപ്പെട്ടുവരുന്നതായി അറിയുന്നു. ഈ പരിശ്രമങ്ങളില്‍ നിന്ന് സ്വരൂപിച്ച വിവരങ്ങളും വിജ്ഞാനങ്ങളുമാകട്ടെ സങ്കുചിതമായ ചരിത്രവ്യാഖ്യാനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും ആക്ഷേപമുയരുന്നു. 
ഈ കേള്‍ക്കുന്ന ബഹളങ്ങളുടെയൊക്കെ അടിസ്ഥാനം എവിടെയാണ്?  ഇങ്ങിനെ ബഹളം വക്കാനും അന്വേഷണത്തിന്‍റെ ഫലമായി പുറത്തുവരുന്ന വിവരങ്ങളുടേയും വിജ്ഞാനങ്ങളുടേയും മേല്‍ സംഘങ്ങളായി ചേരിതിരിഞ്ഞു നിന്ന് അവകാശവാദങ്ങളുന്നയിക്കാനും ആളുകളെ തമ്മില്തല്ലിക്കാനും മാത്രമാണോ ചരിത്രാന്വേഷികള്‍ ശ്രമിക്കേണ്ടത്?   അതിനപ്പുറം പൊതുവായ മനുഷ്യചരിത്രത്തോടു ചേര്‍ത്തുവായിക്കാവുയ്ന്ന മട്ടില്‍ പ്രാദേശിക ചരിത്രാന്വേഷണങ്ങളുടെ  ഗതി തിരിച്ചുവിടലും മനുഷ്യസംസ്കൃതിയുടെ വികാസപരിണാമങ്ങളില്‍ അവക്കുള്ള പങ്കു വിശദമാക്കപ്പെടലും  സാദ്ധ്യമാക്കുമാറുള്ള ശ്രമങ്ങളല്ലേ നടക്കേണ്ടത്.  നമ്മുടെയൊക്കെ മുന്‍ചരിത്രങ്ങളെ ദിവ്യവല്‍ക്കരിക്കാനുള്ള ഏതു ശ്രമങ്ങളും തിരസ്കരിക്കപ്പെടേണ്ടതാണെന്ന കാര്യവും അതുപോലെത്തന്നെ പ്രധാനമല്ലേ
ചരിത്രം അനാവരണം ചെയ്യുന്ന വസ്തുതകളില്‍ എല്ലായ്പ്പോഴും നമുക്ക് അത്ഭുതത്തോടെ നോക്കിക്കാണാവുന്ന  കാര്യങ്ങളെപ്പോലെത്തന്നെ അത്രക്കൊന്നും ശുഭോദര്‍ക്കങ്ങളല്ലാത്ത നിരവധി സംഭവങ്ങളുടെയും ശീലങ്ങളുടെയും ഭ്രംശമേഖലകളും കാണാം.  ശരിക്കും തെറ്റിനും ഒരുപോലെ ഇടമുള്ളതാണ് മനുഷ്യചരിത്രം മുഴുവന്‍.  അതില്‍ അനുഭവങ്ങളിലൂടെ ശരിയല്ലാത്തതിനെ മനസ്സിലാക്കി വര്‍ജ്ജിച്ചുകൊണ്ടും  നിരന്തരമായി അവയെ തിരുത്തേണ്ടിടത്ത് തിരുത്തിക്കൊണ്ടുമാണ് മനുഷ്യന്‍ മുന്നേറിയിട്ടുള്ളത്.  ആ ശ്രമങ്ങളില്‍ സത്യാന്വേഷികളും ജ്ഞാനാന്വേഷികളുമായ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയുള്ള സ്ഥാനവുമുണ്ട്.
അവനവന്റെ പ്രാചീനത ഉയര്‍ത്തിക്കാട്ടാനാണ് പൊതുവേ എല്ലാ മനുഷ്യരുടെയും സമൂഹങ്ങളുടെയും ശ്രമങ്ങള്‍.  ഏതു നല്ലകാര്യവും ഏറ്റവും ആദ്യം ചെയ്തത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനും അങ്ങിനെ എന്റെ പാരമ്പര്യം മഹത്തരമാണെന്നും അത് നിന്റെതിനേക്കാള്‍ കേമമാണെന്നും വിശ്വസിക്കുകയും പറയുകയും ചെയ്യാന്‍  വ്യക്തികളും സമൂഹങ്ങളും എന്നും ശുഷ്ക്കാന്തി കാണിക്കുന്നതുകാണാം.  അതിനായുള്ള തത്രപ്പാടില്‍ ചരിത്രാന്വേഷണശ്രമങ്ങളില്‍ നിന്ന് കണ്ടുകിട്ടുന്ന എന്തിനെയും  തന്റേതാക്കാനുള്ള വ്യഗ്രത എല്ലാവരും കാട്ടുന്നു.  അങ്ങിനെ മറ്റുള്ളവരുടെ മേല്‍ അധികാരം സ്ഥാപിക്കാനുള്ള ഒരു ശ്രമമായി അത് മാറുമ്പോള്‍ തങ്ങള്‍ മാത്രമാണ് ശരി എന്ന് സിദ്ധാന്തിക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നു.  അങ്ങിനെ നാം ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതിനു പകരം അതെടുത്ത് അമ്മാനമാടിക്കൊണ്ട് തങ്ങള്‍ ഒഴികെ ബാക്കിയെല്ലാവരും അധമരും തങ്ങള്‍ക്കു കീഴ്പ്പെടേണ്ടവരുമാണെന്നു  സമര്‍ത്ഥിക്കാന്‍ തുടങ്ങുന്നു.  അവനവന്റെ പാരമ്പര്യം അന്വേഷിക്കാന്‍ മാത്രമുള്ളതല്ല ചരിത്രപഠനം.  അത് മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ എന്തൊക്കെ പോരായ്മകളോടെയാണ് ജീവിച്ചുപോന്നതെന്നും എന്നും ആ പോരായ്മകളില്‍ നമുക്ക് എന്തൊക്കെ തിരുത്തുകള്‍ നടത്തേണ്ടതുണ്ട്  എന്ന് നിര്‍ണ്ണയിക്കാനുള്ളതുകൂടിയാണ്.
ഉത്ഖനനത്തിനിടെ ശ്രദ്ധേയങ്ങളായ വസ്തുക്കള്‍ കിട്ടിയതുകൊണ്ടുമാത്രം  ആ പ്രദേശത്തുണ്ടായിരുന്നത് എല്ലാം തികഞ്ഞ, ഇന്നത്തെതിനേക്കാളും മേന്മയേറിയ ഒരു സംസകാരമോ ജീവിതശൈലിയോ ആയിരുന്നു എന്ന് പറയാനാകുമോ?   അതുകൊണ്ടു ഖനകന്മാര്‍ വസ്തുബദ്ധമായ തങ്ങളുടെ കണ്ടെത്തലുകളുടെ ദൃശ്യങ്ങളില്‍നിന്നു മാത്രം ഇവിടെ ജീവിതം ഇങ്ങിനെയൊക്കെ ആയിരുന്നു എന്ന് യഥാവില്‍ പറഞ്ഞുവച്ചാല്‍ മാത്രം പോരാ; ആ സംവിധാനങ്ങള്‍ ജീവിതമൊരുക്കിക്കൊടുത്ത മനുഷ്യസമൂഹത്തിലെ  ഉത്പാദനവ്യവസ്ഥകളെക്കുറിച്ചും അതിന്റെ കാലികസ്ഥിരതയും കാലംചെല്ലുംതോറുമുള്ള വളര്‍ച്ചയും എങ്ങിനെയാണ് ഉറപ്പാക്കപ്പെട്ടിരുന്നത് എന്നതിനെപ്പറ്റിയും കാലികപ്രസക്തിയുള്ള പുതിയ രീതികളിലേക്ക് അതെങ്ങിനെ പരിണമിച്ചുപോയി എന്നും  വ്യക്തമായ നിഗമനങ്ങളും കൂടി  തങ്ങളുടെ തുടര്‍പഠനങ്ങളിലൂടെ  തരേണ്ടതുണ്ട്. 
നമുക്ക് പട്ടണത്തിന്റെ കഥകളിലേക്ക് തന്നെ  മടങ്ങിവരിക..   പ്രസ്തുത തുറമുഖത്തിനു ക്രിസ്തുവിനു മുമ്പ് ആയിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പീ.ജെ. ചെറിയാനും സംഘവും കണ്ടെത്തുമ്പോള്‍ ക്രിസ്തു  ആദ്യദശകങ്ങളിലേക്കാണ് മറ്റു പലരും അതിന്റെ പഴക്കം നിശ്ചയിക്കുന്നത്.  റോമാ സാമ്രാജ്യവുമായുള്ള ആദാനപ്രദാനങ്ങളുടെ സാക്ഷ്യങ്ങളായി പല വസ്തുക്കളും പുറത്തുവരുന്നതുകൊണ്ട് എഡി ആദ്യശതകങ്ങളില്‍ ഏതായാലും അതുണ്ടായിരുന്നതായിത്തന്നെ നമുക്ക് അംഗീകരിക്കുക.   എന്നിട്ട് അവിടെയെത്തുമ്പോള്‍ ഈ ചരിത്രാന്വേഷികളോടു നമുക്കൊന്നുരണ്ട്  ചോദ്യങ്ങള്‍ ചോദിക്കുക.  അന്ന്, എ ഡി ആദ്യശതകങ്ങളില്‍ ഇവിടെ ഈ പട്ടണത്തില്‍ എത്രപേര്‍ ജീവിച്ചുപോന്നു?  അവരെ ഊട്ടാനും അവരുടെ സമുദ്രാന്തരയാത്രകള്‍ സംഘടിപ്പിക്കാനുമായി എത്രയാളുകള്‍  ആ പട്ടണത്തിന്റെ പ്രാന്തങ്ങളില്‍ കൃഷിയും കൈത്തൊഴിലുകളുമായി കഴിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു?  കേരളത്തില്‍ ഇന്ന് 3.3 കോടി ആളുകളുണ്ടെന്നാണ് കണക്ക്.  സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത്‌, ഏതാണ്ട് അറുപതു വര്‍ഷത്ത്തിനു മുമ്പ്, ഇന്ത്യയിലെ ജനസംഖ്യ 36 കോടിയായിരുന്നപ്പോള്‍ കേരളത്തിലേത് ഒന്നരക്കോടി ആയിരുന്നു.      1857  ല്‍ ഇന്ത്യയിലെ ജനസംഖ്യ 15 കോടി ആയിരുന്നു എന്ന് കാറല്‍ മാര്‍ക്സിന്റെ ശിപ്പായിലഹളയെക്കുറിച്ചുള്ള  കുറിപ്പുകളില്‍ കാണുന്നു.  അന്നത്തെ ഇന്ത്യ ഇന്നത്തെ പാകിസ്ഥാനും  ബംഗ്ലാദേശും കൂടി ചേര്‍ന്നതായിരുന്നു എന്നും ഈ രണ്ടു സ്ഥലങ്ങളും ജനസാന്ദ്രതയുടെ കാര്യത്തില്‍ അന്നേ മുന്നിട്ടു നിന്ന പ്രദേശങ്ങളായിരുന്നു എന്നും കൂടി ഓര്‍ക്കുക.  അപ്പോള്‍ അന്നത്തെ ഈ പതിനഞ്ച് കോടിയില്‍ എത്ര പങ്ക് നമുക്ക് ഈ കേരളക്കരക്ക് കൊടുക്കാനാകും?  1951 ലെ ജനസംഖ്യ അടിസ്ഥാനമായി സ്വീകരിച്ചാല്‍ തന്നെ അത് 15/36 x 1.5 കോടി എന്ന് വരുന്നു.  അതായത്‌ ൬൫ ലക്ഷത്തിലും താഴെ മാത്രം.  അങ്ങിനെ വരുമ്പോള്‍ ക്രിസ്തു ആദ്യശതകങ്ങളിലെ, അതായത്‌ 1850 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ  സ്ഥിതി എന്തായിരിക്കും?  അക്കാലങ്ങളില്‍ കേരളത്തിന്റെ ഉള്നാടുകളൊന്നും ഇത്രയേറെ വികസിച്ചുകഴിഞ്ഞിട്ടുണ്ടാവില്ല. അവിടങ്ങളിലേക്ക് നെല്‍കൃഷി എത്തുന്നതുതന്നെ ക്രിസ്തു പത്താം നൂറ്റാണ്ടോടെയാണ്. സംഘകാലകൃതികള്‍ വളരെ ഉന്നതമായ ചിന്താധാരകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യ സ്ഥിതിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്കിലും അതിന്റെ ഭൂമിശാസ്ത്രപരമായ ഭൂമിക കേരളക്കരയും ഇന്നത്തെ തമിഴകവും മൊത്തത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണെന്നുകൂടിയോര്‍ക്കണം.  കേരളത്തിലാകട്ടെ സംഘകാലത്ത്‌ സജീവമായ സാമൂഹ്യജീവിതം നിലനിന്നിരുന്നത് അതിന്റെ കടലോരമേഖലകളിലായിരുന്നു. ആളുകള്‍ കൂടുതല്‍ പാര്‍ത്തിരുന്നതും ഇവിടെത്തന്നെ..  കാരണം ഇവിടങ്ങള്‍ താരതമ്യേന നിരപ്പായതും ഇന്നും വര്ഷം മുഴുവന്‍ ജലലഭ്യതയുള്ളവയുമാണല്ലോ. കേരളത്തില്‍ നെല്‍കൃഷി ആരംഭിക്കുന്നത് നിളാതടത്തിലും കടലോരമേഖലകളിലുമാണ്. 1857 ല്‍ നിന്ന് ക്രിസ്തു ഒന്നാം നൂറ്റാണ്ടിലേക്ക് പ്രാഗ് ഗമനം നടത്തുമ്പോള്‍ അക്കാലത്ത്‌ ലോകത്തെ മൊത്തം ജനസംഖ്യ 17 കോടി മാത്രമെന്നാണ് കണക്ക്; ഇന്ത്യയില്‍ അതിന്റെ 21 ശതമാനമായ 3.57 കോടിയും.  ഇതില്‍ മഹാഭൂരിപക്ഷവും അക്കാലത്ത് ഗംഗാസമതലത്തിലും ഡെക്കാനിലും കാവേരീതടങ്ങളിലും ആയിരുന്നു.  ഗംഗാസമാതലത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പശ്ചിമ ബംഗാളില്‍ ഇന്നത് ചതുരശ്രകിലോമീറ്ററില്‍ ൧൦൩൦. ആണ്.  കേരളത്തില്‍ ൮൫൯ ഉം.  ഇവ തമ്മിലുള്ള അനുപാതം  ക്രിസ്തു  ആദ്യ ശതകത്തിലെക്കും അംഗീകരിച്ചാല്‍പ്പോലും അതാത് സംസ്ഥാനങ്ങളുടെ മുഴുവന്‍ വിസ്തൃതിയുമായി തട്ടിച്ചുനോക്കുമ്പോള്‍  അക്കാലത്ത് കേരളത്തില്‍ 114000 ത്തോളം ആളുകളെ ഉണ്ടാകാന്‍ പാടുള്ളൂ. അതേസമയം മൊത്തമുള്ള 38836 ച. കി.മീ. വിസ്തൃതിയുടെ ഏതാണ്റ്റ്‌ മുപ്പതു ശതമാനത്തോളം ഇന്നും കാടായ ഇവിടെ അക്കാലത്തെ  മനുഷ്യവാസയോഗ്യമായ സ്ഥലങ്ങള്‍ മൊത്തം സ്ഥലത്തിന്റെ മൂന്നിലൊന്നായിരുന്നെന്നു  കരുതുക.   അങ്ങിനെ വരുമ്പോള്‍ കേരളത്തിലെ ജനസംഖ്യ യഥാര്ഥത്തില്‍ ഈ കണക്കുകൂട്ടിയത്തിലും വളരെ താഴെയായിരിക്കും.   അങ്ങിനെ ജനവാസയോഗ്യമായ സ്ഥലത്തിനെ അളവുകൂടി പരിഗണിച്ചുകൊണ്ട്  കുറേക്കൂടി വസ്തുനിഷ്ഠമായി ഈ ചോദ്യത്തിനുത്തരം തേടുമ്പോള്‍  അന്നത്തെ കേരളക്കരയില്‍ സംസ്കൃത സമൂഹത്തെ  ഒരുപക്ഷെ അമ്പതിനായിരത്തില്‍ നമുക്ക് ഒതുക്കേണ്ടിവരും. അതിനെത്തന്നെ നമുക്ക് ഏഴിമല മുതല്‍ വിഴിഞ്ഞം വരെയുള്ള പ്രദേശങ്ങളിലെങ്കിലും പരത്തിനിര്‍ത്തുകയും വേണം.  അതില്‍  വയനാടന്‍ കുന്നുകളും നിളാതടവും മറയൂര്‍ക്കാടുകളുമൊക്കെ പെടുകയും ചെയ്യും.  ഇന്നത്തെ ഓരോ ജില്ലയിലും ഇരുപതിടത്ത് ജനാധിവാസം സങ്കല്പ്പിചാല്ത്തന്നെ മുന്നൂറോളം വരുന്ന ജനാധിവാസകേന്ദ്രങ്ങളില്‍ ഓരോന്നിലും 150 നും 200 നും ഇടക്ക് ആളുകളെ ഉണ്ടാകൂ എന്ന് നമുക്ക് കാണാം.
അന്ന് ന്നിലവിലുണ്ടായിരുന്ന മറ്റു ഭൌതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത്രയും ചെറിയ ഒരു പ്രാദേശികജനസംഖ്യയുടെ സാമ്പത്തികശാസ്ത്രപരവും ചരിത്രപരവുമായ പ്രസക്തി എത്രത്തോളമുണ്ടാകും?  യാത്രാസൌര്യങ്ങള്‍ ഒട്ടും വികസിച്ചിട്ടില്ലാത്ത കാലം.  ക്രിസ്തു ആദ്യദശകങ്ങളിലൊന്നും കേരളത്തില്‍ ചക്രമുള്ള വണ്ടികളോ അവയോടിക്കാന്‍ പറ്റിയ വഴിത്താരകളോ ഉണ്ടായിരിക്കാന്‍ വയ്യ.  ചേരന്മാരുടെ കേന്ദ്രമായ തമിഴ്നാടിലെ കരൂര്‍ – ഉറയൂര്‍ മേഖലകളില്‍നിന്ന് തിരുവഞ്ചിക്കുളത്തേക്ക് ഒരു യാത്ര നടത്തണമെങ്കില്‍  ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ എടുത്തിട്ടുണ്ടാകും. സംഘങ്ങളായി മാത്രം നടത്താവുന്ന യാത്രകള്‍.  സാധനങ്ങള്‍ തലച്ചുമടായിത്തന്നെ കൊണ്ടുപോകേണ്ട അവസ്ഥ.  രോഗങ്ങളെയും ഭക്ഷ്യദൌര്‍ലഭ്യത്തെയും  ആയുസ്സിന്റെ ബലവും ഭാഗ്യവും  കൊണ്ടുമാത്രം കീഴടക്കേണ്ടിയിരുന്ന കാലം. അക്കാലത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 30-35  വര്‍ഷമായിരുന്നു.  (എ ഡി 2010 ല്‍ ഇത് 62 വര്‍ഷമാണ്.) ശിശു-പ്രസവമരണങ്ങളുടെ നിരക്ക് വളരെ ഉയര്‍ന്നത്.  പാര്‍പ്പിടങ്ങളുടെ  പ്രാകൃതാവസ്ഥ. കച്ചവടചരക്കുകളില്‍ മൂല്യവര്‍ദ്ധിതവസ്തുക്കള്‍ വളരെ കുറവ്.  മിക്കതും പ്രകൃതിയില്‍ നിന്ന് സഞ്ചയിക്കുന്നവ മാത്രം.  ക്ഷാമങ്ങള്‍ കൊടുങ്കാറ്റുകള്‍ പോലെ വീശിയടിച്ചിരുന്ന വര്‍ഷങ്ങള്‍ നിരവധി.  വസൂരിയും പ്ലേഗും കോളറയുമൊക്കെ എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥ. സൂര്യാസ്തമയം മുതല്‍ ഉദയം വരെ നീണ്ടുപോയിരുന്ന ഇരുള്‍ മൂടിയ രാത്രികള്‍.  വന്യമൃഗങ്ങളുമായി വേണ്ടിയിരുന്ന നിരന്തര പോരാട്ടങ്ങള്‍.  യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ മഴയൊഴിയുന്ന കാലത്തെ  കാത്തുനില്‍ക്കേണ്ടിയിരുന്ന കാലം.    മനുഷ്യന്‍ പ്രകൃതിയുടെ മുന്നില്‍ നിസ്സഹായരായി വണങ്ങിനിന്നിരുന്ന കാലം.  ഇതെല്ലാം അക്കാലത്ത്‌ ആഗോളവ്യാപകമായിത്തന്നെ നിലനിന്നിരുന്ന അവസ്ഥകളാണ്.
വര്‍ത്തമാനകാലത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇങ്ങിനേയൊക്കെയുള്ള ഒരുകാലത്തെ എങ്ങിനെയാണ് ഭാസുരമായ ഭൂതകാലമെന്നു വിളിക്കാനാകുക?
പക്ഷേ എല്ലാ കാലത്തെയും പോലെ ഈ കാലത്തെയും  ഭാസുരമാക്കിയിരുന്ന ഒരു ഘടകം മനുഷ്യസമൂഹത്തില്‍ അന്നും സജീവമായിത്തന്നെ ഉണ്ടായിരുന്നു.  സ്വന്തം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ത്വരയും അടങ്ങാത്ത പ്രയത്നശീലവും പുതിയ പുതിയ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ബുദ്ധിയും തന്റേടവും, ആത്മവിശ്വാസവും പരീക്ഷണോന്മുഖതയുമെല്ലാം കൂടിച്ചേര്‍ന്ന മനസ്സുകള്‍.  അനുഭവങ്ങളില്‍ നിന്നും പ്രകൃതിയില്‍നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും  അവ വരും തലമുറകളിലേക്ക് പകരാനും ദത്തശ്രദ്ധങ്ങളായ മനസ്സുകള്‍.  ആ മനസ്സുകളുടെ രൂപീകരണമാണ് സംഘകാലത്തായാലും അതിനും മുമ്പും പിമ്പും തന്നെയായാലും റോമാക്കരെയും യവനരെയും  പാഴ്സികളെയും അറബികളെയും ഭാരതീയരെയും ചൈനക്കാരെയുമൊക്കെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പരസ്പരം ബന്ധപ്പെടാനും തങ്ങള്‍ക്കിടയില്‍ ആവോളം ആദാനപ്രദാനങ്ങള്‍ നടത്താനും പ്രേരിപ്പിച്ചത്.  മനുഷ്യചരിത്രത്തിന്റെ എക്കാലത്തെയും ചാലകശക്തി ഇതാകുന്നു.  നമ്മില്‍ത്തന്നെ അന്തര്‍ലീനമായ ഈ ചാലകശക്തിയെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും വേണ്ട ഊര്‍ജ്ജമാണ് വര്‍ത്തമാനകാലത്തെ ചരിത്രപഠനങ്ങള്‍ സാധാരണക്കാര്‍ക്ക് നല്‍കേണ്ടത്‌.     അങ്ങിനെ സമൂഹസംഘാടനത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും ഉത്പാദനസംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെയുമൊക്കെ ചരിത്രത്തിലെ സംഘര്‍ഷങ്ങളെ അതിജീവിച്ചുകൊണ്ട്  മുമ്പോട്ട്‌ തന്നെ സഞ്ചരിക്കാന്‍ എങ്ങിനെയാണ് പ്രാചീനകാലം മുതലേ മനുഷ്യര്‍ സാധിച്ചുപോന്നത് എന്ന് മനസ്സിലാക്കാന്‍ ചരിത്രാന്വേഷണങ്ങളും അതിന്റെ പഠനങ്ങളും നമ്മെ പ്രാപ്തരാക്കേണ്ടതുണ്ട്.  കാലഹരണപ്പെടുന്നതിനെ അപ്പപ്പോള്‍ കണ്ടെത്താനും കയ്യൊഴിയേണ്ടവയെ അപ്പോള്‍ത്തന്നെ ഒഴിവാക്കാനും പുതിയവയെ തേടിപ്പോകാനുമുള്ള അനുസ്യൂതമായ ശ്രമങ്ങളുടെയും  അവയുടെ ഫലപ്രദമായ നിരവധി  പര്യവസാനങ്ങളുടെയും ഘോഷയാത്രകള്‍ കൊണ്ടു നിറഞ്ഞ ചരിത്രസന്ധികളെയാണ് നാം നമ്മുടെ എതുരീതിയിലുള്ള ചരിത്രപഠനശ്രമങ്ങളിലൂടെയും എക്കാലത്തും കണ്ടെത്തേണ്ടത്.  സ്വന്തം സ്രഷ്ടാവിനെ  അന്വേഷിച്ച് പ്രക്രുതിയിലേക്കിറങ്ങിച്ചെന്നവരുടെയും വിശ്വാസങ്ങളിലൂടെ  സ്രഷ്ടാവിനെ കണ്ടെത്താന്‍  ശ്രമിച്ചവരുടെയും സ്രഷ്ടാവിനെ അന്വേഷിക്കുന്നത് അര്ത്ഥശൂന്യമാണെന്നു പറഞ്ഞവരുടെയും സ്രഷ്ടാവില്ലെന്നു  സ്ഥാപിച്ചുപറഞ്ഞവരുടെയും സ്വയം സ്രഷ്ടാക്കളാകുക എന്നുല്ഘോഷിച്ചവരുടെയും ശ്രമങ്ങള്‍ മനുഷ്യപുരോഗതിക്ക് ഒരുപോലെ ഉള്ബലമേകുന്നത് ഇവിടെ വച്ച് നമുക്ക് കാണാനുമാകും;
മനുഷ്യചരിത്രം ഭൂമിയിലെ മുഴുവന്‍ മനുഷ്യരുടേയും  പൊതുസ്വത്താകുന്നു  അത് ഒരു പട്ടണത്ത്തിലോ അരിക്കമെട്ടിലോ മോഹന്ജദാരോയിലോ ക്രീറ്റിലോ നൈല്‍ നദീതീരത്തോ ഉള്ള എതെന്കിലും തൊഴുത്തില്‍ കെട്ടിയിടപ്പെടാനുള്ളതുമല്ല.   അത് നാലോ അഞ്ചോ ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ പ്രാചീന മനുഷ്യന്‍ സമൂഹമായി ജീവിക്കാനും ഭക്ഷ്യസമ്പാദനത്തിനും  തന്റെ ശിശുക്കളുടെയും തന്റെതന്നെയും സുരക്ഷക്കായും  വേണ്ടി സംഘടിതമായി  തുടങ്ങിവച്ച പരിശ്രമങ്ങള്‍ മുതല്‍ ഇന്നേവരെ പില്കാലമനുഷ്യര്‍ നടത്തിയിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും ആകത്തുകയാണ്.  അതുകൊണ്ടു ചരിത്രത്തെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ മാത്രം – അവനവനിഷ്ടപ്പെട്ട എതെന്കിലുംകാലഘട്ടം മുതല്‍ മാത്രം -  പഠനവിധേയമാക്കിയാല്‍ മതിയെന്ന് ശഠിക്കുന്നതും  കടുത്ത അപരാധമാകുന്നു.  . ചരിത്രപഠനത്തിന്റെ കാലത്തില്‍ പുറകോട്ടുള്ള ആ വമ്പന്‍ തുടര്ച്ച ഒരു പക്ഷെ കാലത്തിന്റെ തുടക്കത്തിലേക്ക് തന്നെ നാം തിരിച്ചുവിടേണ്ടതുമുണ്ട്. അങ്ങിനെയൊരു സമീപനം സംഭവിക്കാതിരിക്കുന്നതുതന്നെയാകണം വാസ്തവത്തില്‍ നാം ഇന്ന് കേള്‍ക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളില്‍ നമ്മെ കൊണ്ടെത്തിക്കുന്നതും.  

Friday, June 15, 2012



കേരളത്തില്‍ ചരിത്രം കൈകാര്യം ചെയ്യുന്നത്‌ അക്കാദമികര്‍ മാത്രമായി വരുന്ന കാലമാണ്‌ ഇത്‌.


നമ്മുടെ നാട്ടില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കായി കൊള്ളക്കൊടുക്കകളിലൂടെ രൂപം കൊണ്ട നാട്ടുനടപ്പുകളേയും ജീവിതചര്യകളേയും പാടെ മറക്കാനും ഇന്ത്യയിലെ മറേറതൊരു പ്രാദേശികസംസ്കൃതിയേക്കാളും വേഗത്തില്‍ ഉപഭോഗസംസ്കാരത്തെ ആക്രാന്തത്തോടെ പുല്‍കാനും കേരളീയനെ വളരെ പെട്ടെന്നു തന്നെ പ്രാപ്തനാക്കുന്നത്‌ ഈ ഒരു കാര്യമാണെന്നു തോന്നു
ന്നു.


ആത്യന്തികമായി അവനവനിലേക്കുള്ള അന്വേഷണമാണല്ലോ ചരിത്രപഠനം.


ചരിത്രത്തെ എങ്ങിനെ സാധാരണക്കാര്‍ക്ക്‌ പ്രാപ്യവും അനുഭവവേദ്യവുമാക്കാമെന്ന്‌ നാം ചിന്തിക്കേണ്ടതില്ലേ?


ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ വിനിമയം ചെയ്യാനുള്ള സാദ്ധ്യതകള്‍ നമുക്ക്‌ എത്രത്തോളമുണ്ട് ?‌


ആ സാദ്ധ്യതകളിലേക്കായുള്ള ഒരന്വേഷണം ആവശ്യമെന്നു തോന്നുന്നില്ലേ?